ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണം

2–3 minutes

read

ആകുലത :ജീവിതത്തിൽ എന്ത് തിരഞ്ഞെടുക്കണം എന്ന ചോദ്യം എന്റെ മുൻപിൽ വരുമ്പോഴൊക്കെ ഞാൻ പതറി പോകുന്നു. വിദ്യാഭ്യാസം, പങ്കാളി, ജോലി മുതലായ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒക്കെ എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന് കാലം എന്നെ ബോധ്യപ്പെടുത്തി. മുപ്പത്തുകളുടെ തുടക്കത്തിൽ നിൽക്കുന്ന എനിക്ക് എങ്ങനിനെയാണ് ഇനി ജീവിതത്തിൽ മുന്നോട്ടു പോകുവാൻ പറ്റുക? 

ചിന്ത : ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് പകച്ചു പോകുന്ന ആളുകളുടെ എണ്ണം കൂടി കൂടി വരികയാണിപ്പോൾ. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം നമ്മൾ തീരുമാനങ്ങൾ എടുക്കേണ്ട കാര്യങ്ങളെ എല്ലാം ഒരു പോലെ കാണുന്നു എന്നതാണ്.  ഒരാൾ ഒരു പ്രൊജക്റ്റ്‌ മാനേജ് ചെയ്യുമ്പോൾ എടുക്കേണ്ട തീരുമാനങ്ങളുടെ പിന്നിലെ ചിന്തയല്ല സ്വന്തം ജീവിതത്തിൽ എടുക്കേണ്ട തീരുമാനങ്ങളുടെ പിന്നിലെ ചിന്ത.  ഒരു മാത്തമാറ്റിക്കൽ പ്രോബ്ലം സോൾവ് ചെയ്യാൻ വേണ്ടുന്ന ചിന്ത അല്ല ഒരു കൂട്ടം ആളുകളെ നയിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വേണ്ടത്.  ഈ വ്യത്യാസങ്ങൾ മനസിലാക്കാതെ നമ്മൾ തീരുമാനം എടുക്കേണ്ട സന്ദർഭങ്ങളിൽ എല്ലാം ലോജിക് ഉപയോഗിക്കുന്നു,  ഒരു പ്രൊജക്റ്റ്‌ മാനേജ്മെന്റിൽ അനിവാര്യം ആയ മുൻകാല അനുഭവങ്ങളുടെ കൈപുസ്തകത്തിൽ നിന്ന് എന്ന പോലെ മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളുടെ ചരിത്രപുസ്തകം തിരഞ്ഞു നോക്കി അതിൽ നിന്നും  പാഠങ്ങൾ എടുക്കുന്നു.  സത്യത്തിൽ നമ്മൾ മനസിലാക്കേണ്ടത് ഒരു പ്രൊജക്റ്റ്‌ മാനേജ്മെന്റ് പോലെ അല്ല നമ്മുടെ ജീവിതം എന്നതാണ്. ഓരോ  ജീവിതവും  വളരെ യൂണീക്‌ ( Unique ) ആയ,  ജൈവമായ ഒരു പ്രതിഭാസം ആണ്.  ഓരോരുത്തരുടെയും പാതകൾ വ്യത്യസ്തമാണെന്നിരിക്കെ നമ്മുക്ക് എങ്ങനെ ആണ്  നമ്മുടെ ഓരോരുത്തരുടെയും നൈസർഗിക താളത്തിന് എതിരായി ജീവിക്കാൻ പറ്റുക?  അപശ്രുതി പോലെ ആരോചമാകും അപ്പോൾ ജീവിതവും.  പല പോസിറ്റീവ് തിങ്കിങ്ങ് പുസ്തകങ്ങളിലും സക്സസ്സ് കോച്ചിങ് പുസ്തകങ്ങളിലും കണ്ടിട്ടുള്ള ഒരു ടെക്‌നിക്‌ ഉണ്ട്.  മാസ്റ്ററിനെ അനുകരിക്കുക എന്നുള്ളതാണ് അത്.  ഇപ്പോൾ നിങ്ങൾക്ക് ആര് ആകണമോ ആ മേഖലയിൽ ഉള്ള നിങ്ങളുടെ റോൾ മോഡലിനെ അതെ പോലെ അനുകരിക്കുക. റോൾ മോഡൽ ചെയ്തപോലെ ഒക്കെ ചെയ്യുക.  റോൾ മോഡലിന് കിട്ടിയ വിജയം പോലെ, ഒരു പക്ഷെ അതിന്റെ തോത് വിത്യാസം ആകുമെങ്കിലും, നിങ്ങൾക്കും സാധിക്കും.  അങ്ങനെ വിജയം വരിച്ച ആളുകളിൽ ഒട്ടുമിക്കവരും വിജയം ആവർത്തിക്കുവാൻ ആകാതെ നിരാശരോ ജീവിതത്തിൽ അസംതൃപ്തി അനുഭവിക്കുന്നവരോ ആണ്.  അത്‌ നിരാശയിലേക്കും പ്രലോഭനങ്ങളിൽ അടിമപ്പെട്ട ജീവിതത്തിലേക്കും നയിക്കുകയും ചെയ്യുന്നതയാണ് കാണപ്പെടുന്നത്. മറ്റൊരാളുടെ ജീവിതം ജീവിക്കാൻ ശ്രമിക്കുബോൾ സംഭവിക്കുന്ന അപകടമാണ് അത്‌. 

ഇനി ഞാനൊരു സന്ദർഭം പറയാം. നിങ്ങൾ അതൊന്ന് സങ്കല്പിച്ചു നോക്കൂ. ഇപ്പോൾ നിങ്ങൾ ഒരു വീട് സന്ദർശിക്കുന്നു എന്ന് വിചാരിക്കൂ.  ആ വീട്ടുകാർ നിങ്ങൾക്ക് കുടിക്കുവാനായി ഒരു ട്രെയിൽ അഞ്ചു ഗ്ലാസുകളിൽ വ്യത്യസ്തമായ പാനിയങ്ങൾ കൊണ്ടുവരുന്നു.  ആദ്യത്തെ ഗ്ലാസ്സിൽ മാമ്പഴജ്യൂസ്, രണ്ടാമത്തേതിൽ തണ്ണിമത്തൻ ജ്യുസ്,  മൂന്നാമത്തേതിൽ ഓറഞ്ച്, നാലാമത്തേതിൽ മാതളം, അഞ്ചാമത്തേതിൽ ചിക്കു ജ്യുസ്.  അതിൽ ഒരണ്ണം എടുക്കാൻ പറഞ്ഞാൽ നിങ്ങൾ എങ്ങനെയാണ് ഒരു ജ്യൂസ് തിരഞ്ഞെടുക്കുക.?   നിങ്ങളുടെ മനസ്സ് പറയുന്ന ജ്യൂസ് നിങ്ങൾ തിരഞ്ഞെടുക്കും അല്ലേ?  അല്ലാതെ ഓരോ ജ്യൂസിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ, മിനറൽസ്, മറ്റു പോഷകങ്ങൾ, ആന്റി ഓക്സിഡന്റ്റുകൾ തുടങ്ങിയവ ഒക്കെ വിശകലനം ചെയ്ത് ഏറ്റവും ആരോഗ്യകരമായ ജ്യൂസ് അല്ലല്ലോ നിങ്ങൾ തിരഞ്ഞെടിക്കുക.  വളരെ അനായാസേന,  കുറച്ച് സമയത്തിനുള്ളിൽ നിങ്ങൾക്ക് വേണ്ടത് നിങ്ങൾ തിരഞ്ഞെടുത്തു.  ഇതുപോലെ ആണ് നിങ്ങൾ ജീവിതത്തിലും ചെയ്യേണ്ടത്.  മനസ്സിനോട് ഏറ്റവും അടുത്ത് നിൽക്കുന്നത് തെരഞ്ഞെടുക്കുക.  സത്യത്തിൽ ഒരു തീരുമാനം എടുക്കേണ്ട ഘട്ടത്തിൽ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലൂടെ നമ്മുക്ക് വേണ്ടത് ഒരു ഫ്ലാഷ് തോട്ട് ( thought ) ആയി വരുന്നുണ്ട്. Malcolm Gladwell അതിനെ വിളിക്കുന്നത് ബ്ലിങ്ക് എന്നാണ്.  അദ്ദേഹത്തിന്റെ Blink: The Power of Thinking Without Thinking,  എന്ന പുസ്തത്തിൽ വളരെ ലളിതമായി ഈ പ്രോസസ്സ് വിശദീകരിച്ചിട്ടുണ്ട്.  

നമ്മുടെ ഇന്നർ വോയ്‌സ് ( inner voice )  നമ്മളോട് വ്യക്തമായി  നമുക്ക് എന്താണ് വേണ്ടത് എന്ന് പറയുന്നുണ്ട്. പക്ഷെ നമ്മൾ നമ്മുടെ ലോജിക്കും മറ്റുള്ളവരുടെ അനുഭവങ്ങളും വിശകലനം ചെയ്തു ആ ഇന്നർ വോയ്സിനെ മാറികിടക്കുന്നു. എന്നിട്ട് നമ്മുക്ക് വേണ്ട ഏറ്റവും നല്ല തീരുമാനം നമ്മൾ എടുത്തു എന്ന് സംതൃപ്ത്തിപ്പെടുന്നു.  ആ തീരുമാനങ്ങൾ നമ്മുടെ താളത്തിന് അനുയോജ്യമല്ലാതത്തിനാൽ കാലം കഴിയുമ്പോൾ നമ്മുടെ ഹാർമണി ( Harmony ) നമ്മുക്ക് നമ്മൾക്ക് നഷ്പ്പെടുകയും നമ്മൾ പ്രതിസന്ധിയിൽ ആകുകയും ചെയ്യുന്നു. നമ്മുടെ മനസ്സിൽ പിടിച്ചതിനൊപ്പമേ നമ്മുക്ക് സന്തോഷത്തോടെ ഒത്തുപോകുവാൻ സാധിക്കൂ. അത് ജോലിയായാലും പങ്കാളിയായാലും വിദ്യാഭാസമായാലും നമ്മുടെ താമസസ്ഥലമായാലും. അപ്പോൾ മാത്രമേ നമ്മുക്ക് സന്തോഷം കിട്ടുകയുള്ളൂ.  സന്തോഷത്തോടെ, സംതൃപ്തിയോടെ ജീവിക്കുമ്പോൾ മാത്രമേ നമ്മുക്ക് നമ്മൾ ആകുവാൻ പറ്റൂ.  നമ്മുക്ക് ആത്മാഭിമാനം ( self – esteem ) തോന്നുകയുള്ളൂ.  അതുകൊണ്ട് ഇനിയുള്ള തീരുമാനങ്ങളിൽ മനസ്സിന് ഏറ്റവും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കൂ.  മുപ്പതുകളുടെ തുടക്കം എന്നത് ചെറുപ്പം ആണ്.  ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്തു സന്തോഷകരമായ ജീവിതം നയിക്കുവാൻ ഇനിയും ഏറെ വർഷങ്ങൾ ബാക്കിയുണ്ട്.

Leave a comment